അയാൾ ഒരു യാത്രയിലായിരുന്നു. പഠനം പാതിയിലുപേക്ഷിച്ച ഒരു ഇരുപത്തൊന്നുകാരൻ. നഗരങ്ങളിൽ താമസത്തിനായി അയാൾ തിരഞ്ഞെടുത്തത് ബഡ്‌ജറ്റ് ഹോട്ടലുകളാണ്. എന്നാൽ ബുക്കിംഗ് ചെയുമ്പോൾ വാഗ്ദാനം ചെയ്ത സർവീസുകളൊന്നും തന്നെ അയാൾക്കു ലഭിച്ചില്ല. പ്രവർത്തിക്കാത്ത എയർ കണ്ടീഷനിംഗ് , വൃത്തി ഹീനമായ മുറികൾ തുടങ്ങി അയാൾ നേരിട്ട എല്ലാ പ്രശ്നങ്ങളും മിക്കവാറും നഗരങ്ങളിലെല്ലാം ഒരുപോലെയായിരുന്നു. അന്ന് നേരിട്ട ആ ബുദ്ധിമുട്ടിൽ നിന്നാണ് ഒയോ റൂംസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബഡ്‌ജറ്റ് ഹോട്ടൽ അഗ്രിഗേറ്റർ ജന്മംകൊണ്ടത്.
അതേ, റിതേഷ് അഗർവാൾ എന്ന ഇരുപത്തൊന്നുകാരൻ ഒരു ബിസിനസ് സാധ്യത കണ്ടെത്തുകയായിരുന്നു. ആ സാധ്യതയിൽ നിന്നുള്ള അവസരത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ 121 നഗരങ്ങളിലായി ബഡ്‌ജറ്റ് ഹോട്ടലുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ശൃംഖലയാണ് ഓയോ റൂംസിനുള്ളത്. ഒരു സൊല്യൂഷനെ ഏറ്റവും മികച്ച ബിസിനസ് മോഡലാക്കി മാറ്റിയതാണ് ഒയോ റൂംസിന്റെ വിജയത്തിന്റെ അടിസ്ഥാനം.
അവസരങ്ങളില്ലെന്നു പരാതിപ്പെടുന്നവരോട് - വിജയിച്ചവരാരും അവസരങ്ങൾക്കു വേണ്ടി കാത്തിരുന്നവരല്ല. അവസരങ്ങൾ ഉണ്ടാക്കിയെടുത്തവരാണ്. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് മികച്ച സൊല്യൂഷൻ കണ്ടെത്താൻ കഴിഞ്ഞാൽ ; ആ സൊല്യൂഷനെ ഒരു ബിസിനസ് മോഡലാക്കി മാറ്റുവാൻ സാധിച്ചാൽ എത്രത്തോളം വിജയിക്കാമെന്നത് റിതേഷ് അഗർവാൾ എന്ന ചെറുപ്പക്കാരൻ കാണിച്ചുതരുന്നുണ്ട്.
നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ആ ലക്ഷ്യത്തിലേക്കെത്തിച്ചേരുവാനുള്ള ആദ്യ ചുവട് , ചെയ്തു തുടങ്ങുക എന്നതാണ്. അതിനൊരു സാഹചര്യം സ്വയം ഒരുക്കിയെടുക്കേണം. ചുറ്റുപാടിൽ നിന്നും അവസരങ്ങളെ കണ്ടെത്തുവാൻ കഴിവുള്ളവരാവണം . വിജയകഥകൾക്കൊക്കെയും കയ്പ്പേറിയ ഒരു തുടക്കവും കൂടി ഉണ്ടായിരുന്നു എന്നതും വിസ്മരിക്കരുത്. നമുക്കിനി കാത്തിരിപ്പുകൾ അവസാനിപ്പിക്കാം. ചുറ്റുമൊന്നു കണ്ണോടിക്കാം. അവസരങ്ങളെ കണ്ടെത്തുന്നവരാവാം.