ബിസിനസ് വിജയമന്ത്രങ്ങളിൽ എന്നും ഒന്നാം സ്ഥാനം പങ്കിട്ട വിഷയങ്ങളാണ് പോസിറ്റീവ് ആറ്റിട്യൂടും , കോൺഫിഡൻസും . ഒരു സംരംഭകനാവുന്നതു മുതൽ ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നതുവരെ ഇതുപോലെ ഒരുപാടു കഴിവുകൾ ആര്ജിച്ചെടുത്തുകൊണ്ടാണ് ഓരോരുത്തരും മുന്നോട്ടുപോകുന്നത് . പ്രാരംഭ ഘട്ടത്തിൽ മികച്ച ഏകോപനവും മേൽനോട്ടവും നിങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കിത്തന്നെന്നു വരാം. എന്നാൽ, നിങ്ങളുടെ വിജയം രേഖപ്പെടുത്തി തുടങ്ങുന്നത് ലാഭമുണ്ടാക്കി തുടങ്ങുമ്പോഴല്ല, മറിച്ച് നിങ്ങൾ തുടങ്ങി വച്ച ഉദ്യമത്തെ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുമ്പോഴാണ്. നിങ്ങളുടെ അദ്ധ്വാനം നിങ്ങൾക് നേടിത്തരുന്നത് മുതൽമുടക്കിനനുസരിച്ചുള്ള ലാഭമാണ് . അതേ സമയം നിങ്ങളിലെ വ്യക്തിത്വത്തിന്റെ മൂല്യമാണ് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ച നിർണയിക്കുന്നത്.
ലാഭകരമായി മുന്നോട്ടു പോകുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ ഏതു സംരംഭകനും കടന്നു പോകുന്ന ഒരു സാഹചര്യമുണ്ട്. പെട്ടെന്നുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അധികമാലോചിക്കാതെ കൂടുതൽ നേടണമെന്ന ഒറ്റ ചിന്തയിൽ തീരുമാനങ്ങളെടുക്കും. കൂടെയുള്ളവരും നിങ്ങള്ക്ക് കീഴിൽ പ്രവർത്തിക്കുന്നവരും കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. ഒരുപക്ഷെ ഈ വേഗം എല്ലായിപ്പോഴും നിങ്ങളെ സഹായിച്ചെന്നു വരില്ല. അവിടെയാണ് നിങ്ങളിലെ വ്യക്തിത്വത്തിന്റെ പ്രസക്തി .
എല്ലാവരും വളരട്ടെ
എല്ലാക്കാര്യങ്ങളിലും നിങ്ങളുടെ മേൽനോട്ടം എത്തിയേതീരൂ എന്ന ചിന്താഗതിയിൽ അൽപ്പം മാറ്റം കൊണ്ടുവരാം.കൂടെയുള്ളവരിലേക്ക് ചുമതലകൾ ഏൽപ്പിച്ചു തുടങ്ങാം. ഇതുകൊണ്ട് ഒട്ടനേകം നേട്ടങ്ങളുണ്ട്. പരിഗണിക്കപ്പെടുന്നു എന്നത് ഏതൊരാളുടെയും ആത്മവിശ്വാസം കൂട്ടും. ഒപ്പം ചുമതലാബോധം കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുവാനും അവരെ പ്രേരിപ്പിക്കും. ചുമതലകൾ പങ്കുവയ്ക്കപ്പെടുമ്പോൾ കൂടുതൽ സാധ്യതൾ കണ്ടെത്തുവാനും വളരുവാനുമുള്ള സാഹചര്യം നിങ്ങൾക്കുമുണ്ടാകും
പ്രതിസന്ധികൾക്ക് നന്ദി പറയാം
മത്സര സ്വഭാവം ബിസിനസ്സിന്റെ കുത്തകയാണ്. സ്വാഭാവികമായും ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടതായി വരാം. നിങ്ങളെന്ന വ്യക്തിയെ കൂടുതൽ കരുത്തുള്ള ഒരാളാക്കി മാറ്റുകയാണ് ഇത്തരം സാഹചര്യങ്ങൾ ചെയ്യുന്നത്. നിങ്ങൾക്കൊരു പ്രശ്നത്തെ മറികടക്കുവാൻ കഴിഞ്ഞുവെങ്കിൽ അത് നിങ്ങളുടെ കഴിവിനെയാണ് കാണിക്കുന്നത്. അതേസമയം നിങ്ങൾക്കൊരു സാഹചര്യത്തെ നേരിടുവാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയങ്ങോട്ട് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖല നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു സാരം. അനുഭവങ്ങളിൽ നിന്നു പഠിക്കാം ; പ്രതിസന്ധികൾക്കും കടപ്പെട്ടിരിക്കാം.
വലിയ സ്വപ്‌നങ്ങൾ കാണാം
പ്രവർത്തന മേഖല എന്തുമായിക്കൊള്ളട്ടെ ; കാര്യങ്ങളെ നിങ്ങൾ കാണുന്ന രീതിയാണ് അതിന്റെ ഗതി നിർണയിക്കുന്നത്. വലിയ സ്വപ്‌നങ്ങൾ കാണാം. നിങ്ങൾക്ക് ഒരുപക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയില്ലെന്നാണെങ്കിലും വലുതായി ആഗ്രഹിക്കാം. കാരണം നിങ്ങളുടെ മനസ്സിലെ വലിയ ആഗ്രഹങ്ങൾക്ക് നിങ്ങളെ മുന്നോട്ടു നയിക്കുവാനുള്ള ഊർജമായി മാറുവാനുള്ള കഴിവുണ്ട്. ചെറിയ തുടക്കമായാലും ; കൃത്യവും വ്യക്തവുമായ ഒരു പ്രവർത്തന രീതി അടിസ്ഥാനമായുണ്ടെങ്കിൽ വലിയ സ്വപ്നങ്ങളിലേക്ക് അതു നിങ്ങളെ കൊണ്ടെത്തിക്കും.